തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഇത്തവണത്തെ ലക്ഷദീപം ഈ മാസം 14ന് നടക്കും. ലക്ഷദീപത്തോടനുബന്ധിച്ച് ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ബാർകോഡ് സംവിധാനമുള്ള പാസുകൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. 15,000 പാസുകളാണ് നൽകുന്നത്.
ആറ് വർഷത്തിലൊരിക്കൽ നടക്കുന്ന ലക്ഷദ്വീപവുമായി ബന്ധപ്പെട്ട് ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ തവണ നിരവധി വ്യാജ പാസുകൾ പ്രചരിച്ച സാഹചര്യത്തിലാണ് ഇത്തവണ ബാർകോഡിംഗ് പാസുകൾ ഏർപ്പെടുത്തിയത്.
ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായി ചടങ്ങുകൾ കാണുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാനപാലനത്തിനും സുരക്ഷാക്രമീകരണങ്ങൾ കർശനമായി പാലിക്കണമെന്ന് അവലോകനയോഗത്തിൽ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി.ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിന് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസി സ്റ്റാന്റിൽ ലക്ഷദീപത്തോടനുബന്ധിച്ച് വെൽക്കം ഓഫീസ് തുറക്കുന്നതിനും നിർദേശം നൽകി. ഓൺലൈനായാണ് പാസുകൾ ബുക്ക് ചെയ്യേണ്ടത്. ആധാർ കാർഡ് വഴി ലോഗിൻ ചെയ്യാം. പാസിന്റെ കോപ്പിയും ആധാർ കാർഡുമായി എത്തുന്ന ഭക്തർക്ക് അവരവർക്ക് നിർദേശിക്കപ്പെട്ട വഴിയിലൂടെ ക്ഷേത്രത്തിൽ പ്രവേശിക്കാം.
ജനുവരി 14ന് വൈകുന്നേരം അഞ്ചിനാണ് ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നത്. രാത്രി എട്ടിന് ചടങ്ങുകൾ ആരംഭിക്കും. ശീവേലി ദർശനമാണ് പ്രധാന ചടങ്ങ്. ദീപാരാധനയും ഉണ്ടാകും. ശീവേലിപ്പുരയിലും ഗോപുരത്തിലുമാണ് വിളക്കുകൾ തെളിയിക്കുന്നത്.
പരിപാടിയോടനുബന്ധിച്ച് കൂടുതൽ പോലീസുകാരെ വിന്യസിക്കുന്നതിനും ക്ഷേത്രത്തിലേക്കുള്ള ലൈറ്റുകൾ, വാഹനങ്ങളുടെ പാർക്കിംഗ് എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്നും ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെട്ടു.